മദ്രസാ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല: പ്രചരണം വര്‍ഗീയശക്തികളുടേതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മദ്രസാ അധ്യാപകര്‍ അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
‘അനര്‍ഹമായതെന്തോ മദ്രസാ അധ്യാപകര്‍ വാങ്ങുന്നുവെന്ന രീതിയിലാണ് പ്രചരണം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മദ്രസാ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല. അവര്‍ക്കായി ഏര്‍പ്പെടുത്തിയത് ക്ഷേമനിധിയാണ്’- മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമമനിധിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ക്ഷേമ പ്രവര്‍ത്തനം നടപ്പാക്കാനും സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ഗ്രാന്റില്‍ നിന്നും കോര്‍പസ് ഫണ്ടായി സര്‍ക്കാര്‍ തുക അനുവദിക്കുന്നുണ്ട്.