Sunday, January 5, 2025
Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ന് പേരു ചേര്‍ക്കുന്നവര്‍ക്ക് കൂടി വോട്ട് ചെയ്യാന്‍ അവസരം

കണ്ണൂര്‍: മാര്‍ച്ച് ഒമ്പതിന് ചൊവ്വാഴ്ച പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്ക് കൂടി ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 2021 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കാണ് വോട്ട് ചേര്‍ക്കാന്‍ അര്‍ഹത. നാഷനല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്. വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും കുടുംബങ്ങളില്‍ ആരുടെയെങ്കിലും വോട്ടര്‍ പട്ടികയിലെ നമ്പരും നല്‍കണം.

മാര്‍ച്ച് ഒമ്പതിന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കൂ. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തെന്നു കരുതി നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവണമെന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമാണ്. nvsp.in വഴി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും സൗകര്യമുണ്ട്. നാഷനല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലിനു പുറമെ, വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *