Sunday, April 13, 2025
Kerala

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സെഷന്‍ കോടതിക്ക് കൈമാറി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ അനീസ ഉത്തരവിട്ടു. സിസിടിവി ദ്യശ്യങ്ങടങ്ങിയ രണ്ട് ഡിവിഡികളുടെ അധികാരികതയിലും കൃത്യതയിലും വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനീസയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഡിവിആര്‍ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ഡിവൈസ് സഹിതം ഹൈടെക് സെല്‍ എസ് പിയും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി ഷാനവാസും ഫെബ്രുവരി 24 ന് ഹാജരാവാന്‍ കോടതി ഉത്തരവിട്ടത് പ്രകാരമാണ് അടച്ചിട്ട കോടതി ഹാളില്‍ പ്രോസിക്യൂട്ടറുടെയും പ്രതിഭാഗത്തിന്റെയും സാന്നിധ്യത്തില്‍ ലാപ് ടോപ്പില്‍ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുത്തത്.

ഇന്നലെ ഉച്ചയ്ക്കു 2.30ന് ആരംഭിച്ച പ്രദര്‍ശനം 4.30 വരെ നീണ്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ട് ഡിവിഡി ദൃശ്യങ്ങളുടെ പകര്‍പ്പെടുത്തത്. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പേ ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് വിദഗ്ധ റിപോര്‍ട്ട് ഫെബ്രുവരി രണ്ടിന് കോടതിയില്‍ സമര്‍പ്പിച്ചു. ഫോറന്‍സിക് വിദഗ്ധ റിപോര്‍ട്ട് പ്രകാരം പകര്‍പ്പുകളെടുക്കാന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. അപകട സമയത്തെ സിസിടിവി ഫൂട്ടേജ് ദ്യശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് ഡിവിഡികള്‍ പ്രതികള്‍ക്ക് നല്‍കും മുമ്പ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ തെളിവിന്റെ സൂക്ഷ്മത നഷ്ടപ്പെടുന്ന അവസ്ഥയായ ഹാഷ് വാല്യൂ മാറ്റം വരില്ലേയെന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. അപ്രകാരം സംഭവിച്ചാല്‍ പ്രതികള്‍ക്ക് നല്‍കേണ്ട ക്ലൗണ്‍ഡ് കോപ്പിയില്‍(അടയാള സഹിത പകര്‍പ്പ്) കൃത്രിമം നടന്നുവെന്ന് പ്രതികള്‍ വിചാരണ കോടതിയില്‍ തര്‍ക്കമുന്നയിക്കില്ലേയും കോടതി ചോദിച്ചു. പകര്‍പ്പ് നല്‍കും മുമ്പ് ഡിവിഡികളുടെ വെറാസിറ്റി(കൃത്യത) വിചാരണ വേളയില്‍ തര്‍ക്കമായി ഉന്നയിക്കില്ലെന്ന സത്യവാങ്മൂലം പ്രതികള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഡിവിഡിയുടെ ആധികാരികതയില്‍ വിചാരണ വേളയില്‍ ആക്ഷേപമുന്നയിക്കില്ലെന്ന് പ്രതികള്‍ സത്യവാങ്മൂലം നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *