Thursday, January 9, 2025
Kerala

സിപിഐഎം നേതാവിന്റെ ലോറിയിൽ ലഹരിക്കടത്ത്; വാഹനം വാടകയ്ക്ക് നൽകിയതെന്ന് വിശദീകരണം

കൊല്ലം കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത് സിപിഐഎം നേതാവിന്റെ പേരിലുള്ള ലോറിയിൽ. ആലപ്പുഴ നഗരസഭാ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ എ ഷാനവാസിന്റെ പേരിലുള്ള ലോറിയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. അതേസമയം വാഹനം മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയെന്നാണ് ഷാനവാസ് നൽകുന്ന വിശദീകരണം.

ഇന്നലെ പുലർച്ചെയാണ് പച്ചക്കറികൾക്കൊപ്പം കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങൾ രണ്ട് ലോറികളിൽ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതിൽ കെ.എൽ 04 എ.ടി 1973 എന്ന നമ്പറിലുള്ള ലോറി ഷാനവാസിൻ്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് പുകയില ഉത്പന്നങ്ങൾ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വാഹനയുടമയായ ഷാനവാസിന് കേസിൽ പങ്കുണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിയായ ജയന് മാസവാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വിശദീകരണം.

അതേസമയം കേസിൽ രണ്ട് ആലപ്പുഴ സ്വദേശികളുൾപ്പെടെ മൂന്ന് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശിയായ ഷമീ‍ർ എന്നിവരാണ് പിടിയിലായത്. കർണാടകയിൽ നിന്നുമാണ് പാൻമസാലകൾ എത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *