സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി പ്രവീൺ റാണ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കൊച്ചി കലൂരിലെ ഫ്ലാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ കടന്നു കളഞ്ഞത്. തൃശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായി പൊലീസ് സംശയിക്കുന്നുണ്ട്. നാല് വാഹനങ്ങൾ പൊലീസ് ഇപ്പോൾ പിടിച്ചെടുത്തിട്ടുണ്ട്.
സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 പരാതികളാണ് ഇതിനകം തന്നെ തൃശൂർ ഈസ്റ്റ് പൊലീസും വെസ്റ്റ് പൊലീസും തന്നെ കുന്നംകുളം പൊലീസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ തുടർന്നാണ് പ്രവീൺ റാണയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ നിന്നുള്ള സംഘം ഇയാളുടെ കൊച്ചിയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തി. കൊച്ചി കലൂരിലെ ഫ്ലാറ്റിലാണ് പരിശോധന നടത്തിയത്. പ്രവീൺ റാണയുടെ പങ്കാളിയുടെ ഫ്ലാടായിരുന്നു ഇത്. പരിശോധനയ്ക്ക് തൊട്ടുമുമ്പാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് ഏതാണ്ട് അരമണിക്കൂർ മുമ്പാണ് ഇയാൾ അവിടെ നിന്നും കടന്നുകളയുന്നത്. അത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ അവിടെ നിന്നും ഇയാളുടെ അനുചരന്മാർക്കൊപ്പം താഴേക്ക് ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇയാളുടെ നാല് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ബിഎംഡബ്ല്യു കാർ അടക്കം നാല് വാഹനങ്ങളാണ് പൊലീസ് ഇപ്പോൾ ആ പിടിച്ചെടുത്തിട്ടുള്ളത്.
ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ നേരെ ചാലക്കുടി ഭാഗത്തേക്കാണ് പോയത്. ഈ കാർ പൊലീസ് തടഞ്ഞു. പക്ഷേ ആ വാഹനത്തിൽ ഇയാൾ ഉണ്ടായിരുന്നില്ല. അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ വെച്ച് ഇയാൾ കടന്നു കളഞ്ഞതായാണ് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്. രാജ്യം വിട്ടു പോകാതിരിക്കാൻ വിമാനത്താവളങ്ങളിലടക്കം പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രവീൺ റാണിയെ ഉടൻ പിടികൂടാൻ കഴിയും എന്ന് തന്നെയാണ് പൊലീസിൻ്റെ പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പുരോഗമിക്കുന്നത്.