ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി ദിവ്യാ നായര്‍ പൊലീസ് കസ്റ്റഡിയിൽ, 29 പേരിൽ നിന്ന് 1.85 കോടി തട്ടി
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെഞ്ഞാറമൂട് പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിൽ എത്തിയാണ് പൊലീസ് സംഘം പിടികൂടിയത്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരുന്നു. 29 പേരിൽ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.
ഇക്കഴിഞ്ഞ ഒക്ടോബർ 6 നാണ് കേസ് രജിസ്റ്റർ ചെയ്തതത്. ടൈറ്റാനിയം ലീഗൽ എജിഎം ശശികുമാരൻ തമ്പി അഞ്ചാം പ്രതിയാണ്. പണം നേരിട്ട് വാങ്ങിയ ദിവ്യാജ്യോതി എന്ന ദിവ്യാ നായരാണ് ഒന്നാം പ്രതി, ദിവ്യാജ്യോതിയുടെ ഭർത്താവ് രാജേഷും പ്രതിയാണ്. പ്രേം കുമാർ, ശ്യാം ലാൽ എന്നിവരാണ് മറ്റുപ്രതികൾ. പണം നൽകി ജോലി കിട്ടാതെ കബളിക്കപ്പെട്ടവരുടെ പരാതികളിലാണ് കേസുകൾ .
മാസം 75000 രൂപ ശമ്പളത്തിൽ ട്രാവൻ കൂർ ടൈറ്റാനിയത്തിൽ അസിസ്ൻ്ൻറ് കെമിസ്റ്റ് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം 2018 ഡിസംബറിൽ വാങ്ങിയെന്നാണ് കൻറോൺമെൻറ് പൊലീസ് എടുത്ത കേസ് . പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പൊലീസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പൊലീസും കേസെടുത്തത്.
2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിൻറെ വിവരം. ദിവ്യാ ജ്യോതി എന്ന ദിവ്യാ നായരാണ് ഇടനിലക്കാരി. ഇവർ വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റുകളിടും. വിവരം ചോദിച്ച് വരുന്നവർക്ക് ഇൻബോക്സിലൂടെ മറുപടി നൽകും. ഒപ്പം പണവും ആവശ്യപ്പെടും. ദിവ്യാ ജ്യോതിയുടെ പാളയത്തെ വീട്ടിലെത്തി ഭർത്താവ് രാജേഷിൻറെ സാന്നിധ്യത്തിലാണ് പരാതിക്കാരി പണം നൽകിയത്. പ്രേംകുമാര്‍ എന്ന മൂന്നാം പ്രതിയുടെ സഹായത്തോടെ ശ്യാംലാല്‍ എന്നയാളാണ് പണം നൽകിയവരെ സമീപിക്കുന്നത്. ശ്യാംലാലിന്‍റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇൻറർവ്യുവിന് കൊണ്ടുപോയത്. ടൈറ്റാനിയം ലീഗല്‍ അസിസ്റ്റന്‍റ് ജനറല്‍മാനേജര്‍ ശശികുമാരന്‍ തമ്പിയാണ് ഇന്‍റര്‍വ്യൂ നടത്തുന്നത്. 15 ദിവസത്തിനകം അപ്പോയിന്‍റ്മെന്‍റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു വാഗ്ദാനം.
ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ് സിക്ക് വിട്ടിട്ടില്ല. എജിഎം മാത്രമല്ല, ഉന്നത രാഷട്രീയ നേതാക്കൾ വരെ ഉൾപ്പെട്ട വലിയ സംഘം തൊഴിൽ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് സൂചന