കൊല്ലത്ത് വടിവാളും വളര്‍ത്തുനായയുമായി വീട്ടില്‍ കയറി അതിക്രമം നടത്തിയ യുവാവ് പൊലീസിനെ വെട്ടിച്ച് കടന്നു
കൊല്ലം ചിതറയില്‍ വടിവാളും വളര്‍ത്തുനായയുമായി വീട്ടില്‍ കയറി അതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. കിഴക്കുംഭാഗം സ്വദേശിയായ സജീവിനെയാണ് പൊലീസിന് ഇതുവരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത്. പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ഇയാള്‍ ഇന്നലെ അയല്‍വാസിയായ സുപ്രഭയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്.
തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ഭീഷണി. വീട്ടില്‍ എത്തി നായ്ക്കളെ തുറന്നുവിട്ട ശേഷം ഗേറ്റ് പൂട്ടിയതോടെയാണ് പൊലീസുകാര്‍ക്ക് ഇയാളെ അറസ്റ്റ് ചെയ്യാനായി വീടിനകത്ത് കയറാന്‍ കഴിയാതിരുന്നത്. എന്നാല്‍ സംഭവസ്ഥലത്ത് വച്ച് പത്തിലധികം പൊലീസുകാര്‍ ഉണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് വീഴ്ച ആണെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതിക്കെതിരെ വീട്ടില്‍ അതിക്രമിച്ചു കടന്നതിനും ആയുധം കൈവശം വെച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ സജീവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണ് എന്നാണ് പൊലീസ് പറയുന്നത്.