Thursday, January 9, 2025
Kerala

ബഫര്‍ സോണ്‍: 23 മേഖലകള്‍ക്ക് ഇളവ് തേടി കേരളം സുപ്രിംകോടതിയെ സമീപിച്ചു

വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേരളം. കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ടാണ് കേരളം സുപ്രിം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ ഹർജ്ജി സമർപ്പിച്ചിരുന്നു. ഇത്തരം ഇടങ്ങളിലെ ജനവാസമേഖലകളിൽ ഇളവ് അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ അവശ്യം. കേന്ദ്രസർക്കാർ ഹർജ്ജിയെ പിന്തുണച്ചാണ് കേരളത്തിന്റെ അപേക്ഷ.

കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിരുന്നു. ഇവയിൽ മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്ഞാപനം പ്രസിദ്ധികരിച്ചിട്ടുണ്ട്.

മാത്രമല്ല പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴിച്ച് മറ്റ് എല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ഇങ്ങനെ ആകുമ്പോൾ 23 സംരക്ഷിത മേഖലകളിൽ കേന്ദ്രത്തിന്റെ ഹർജ്ജി അനുവദിച്ചാൽ കേരളത്തിന് ഇളവ് ലഭിയ്ക്കും.

ഇക്കാര്യം സൂചിപ്പിച്ചാണ് കേന്ദ്രത്തിന്റെ ഹർജ്ജിയിൽ കക്ഷിചേരാനുള്ള കേരളത്തിന്റെ അപേക്ഷ. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ജനുവരി പതിനൊന്നിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി പരിഗണിയ്ക്കും. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *