ബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; ദൂരപരിധി 10 കിലോമീറ്ററാക്കണമെന്ന് പി പ്രസാദ്
ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍. ദൂരപരിധി പത്ത് കിലോമീറ്റര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം പരിഗണിച്ചു. മന്ത്രിയാകും മുന്‍പാണ് പി പ്രസാദ് ഈ ഹര്‍ജി നല്‍കിയത്. ബഫര്‍ സോണ്‍ ഒരു കിലോമീറ്റര്‍ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മന്ത്രി പി പ്രസാദിന്റെ ഹര്‍ജി ഇപ്പോഴും ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയില്‍ തന്നെയാണുള്ളത്.
2017ലാണ് ഹരിത ട്രൈബ്യൂണലില്‍ പി പ്രസാദ് ഹര്‍ജി നല്‍കുന്നത്. മൂന്നാര്‍ അതീവ പരിസ്ഥിതി ലോലപ്രദേശമാണെന്നും പ്രദേശത്ത് ഒട്ടേറെ അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെന്നും ഹര്‍ജിയിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് ചുറ്റും 10 കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലൂടെ ഇദ്ദേഹം ആവശ്യപ്പെട്ടത്. വന്യജീവി, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ വിവിധ വകുപ്പുകള്‍ പ്രയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു. കുറിഞ്ഞിമല വന്യജീവി സങ്കേതം ഉള്‍പ്പെട്ട മേഖലയിലാണ് നിയന്ത്രണം ആവശ്യപ്പെട്ടത്.
അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്ത ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടേയും വിവരങ്ങള്‍ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്ത ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടേയും അതിര്‍ത്തി പുനര്‍നിശ്ചയിക്കുന്നതിന് ഇടപെടല്‍ നടത്താന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂര്‍ത്തിയാകൂ. എന്നാല്‍ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളില്‍ കൊട്ടിയൂര്‍ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 18 മുതല്‍ 26എ വരെ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത്തരം പ്രദേശങ്ങള്‍ നാഷ്ണല്‍ വൈല്‍ഡ്ലൈഫ് ബോര്‍ഡിന്റെ പൂര്‍ണ അധീനതയില്‍ വരു എന്ന് നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്.