ഫോട്ടോഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ പതിനാല്കാരൻ മുങ്ങിമരിച്ചു
ചാത്തന്നൂർ:കൊല്ലത്ത് ഫോട്ടോ ഷൂട്ടിനായി ആറ്റിൽ ഇറങ്ങിയ കുട്ടികളിൽ ഒരാൾ സഹോദരിയുടെ കൺമുന്നിൽ മുങ്ങിമരിച്ചു. അയൽവാസി രക്ഷപെട്ടു. പട്ടത്താനം കൊച്ചമ്മ നടയ്ക്കടുത്ത് ജനകീയ നഗർ 167 വിമലാംബിക കോട്ടേജിൽ ശബരിരാജിന്റെയും വിജിയുടെ മകനും കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ അരുണാണ് (14) മരിച്ചത്. ഇരട്ടസഹോദരിയുടെ കൺമുന്നിലായിരുന്നു ദുരന്തം. ഫോട്ടോഗ്രാഫറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുണ്ടുമൺ ആറ്റിലായിരുന്നു അപകടം. അരുൺ, ഇരട്ട സഹോദരിയായ അലീന, അയൽവാസിയായ കണ്ണൻ, തഴുത്തല സ്വദേശിയായ ഫോട്ടോഗ്രാഫറായ സിബിൻ (27) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നേരത്തെയും സിബിനൊപ്പം ഇവർ ഫോട്ടോ ഷൂട്ടിനും ഷോർട്ട് ഫിലിം ചിത്രീകരിക്കുന്നതിനും പോയിട്ടുണ്ട്.
ഇന്നലെ വിജി ബാങ്കിൽ പോയ സമയത്താണ് സിബിനെത്തി കൂട്ടിക്കൊണ്ടുപോയത്. പല സ്ഥലങ്ങളിലായി ഫോട്ടോ പകർത്തിയ ശേഷം ഉച്ചയ്ക്ക് 12 ഓടെ കുണ്ടുമൺ പാലത്തിനടുത്തുള്ള കടവിലെത്തി. വീട്ടിൽ നിന്ന് പത്ത് കിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം.അരുണും കണ്ണനും ആറ്റിൽ നീന്തുന്ന ചിത്രം സിബിൻ പകർത്തുന്നതിനിടെ ഇരുവരും കയത്തിൽ പെടുകയായിരുന്നു. സിബിന്റെയും അലീനയുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ണനെ രക്ഷപ്പെടുത്തിയെങ്കിലും അരുണിനെ കണ്ടെത്താനായില്ല.നാട്ടുകാരും ഫയർഫോഴ്സും സ്കൂബാ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അരുൺ മുങ്ങുന്നത് കണ്ട് ബോധരഹിതയായ അലീനയെയും രക്ഷപ്പെട്ട കണ്ണനെയും മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സിബിനെ കണ്ണനല്ലൂർ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അരുണിന്റെ മറ്റൊരു സഹോദരൻ ആൽവിൻ. സംസ്കാരം ഇന്ന് ഭാരത് രാജ്ഞി പള്ളിയിൽ.