വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ ഒമ്പതരക്ക് വൈറ്റില മേൽപ്പാലവും 11 മണിക്ക് കുണ്ടന്നൂർ മേൽപ്പാലവും ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി സുധാകരൻ, തോമസ് ഐസക് എന്നിവർ പാലത്തിലൂടെ ആദ്യ യാത്ര നടത്തും
ഇരുപാലങ്ങളുടെയും അവസാനവട്ട മിനുക്ക് പണികൾ ഇന്നലെ തന്നെ പൂർത്തിയായിരുന്നു. ജി സുധാകരൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനാകും. തോമസ് ഐസക് മുഖ്യാതിഥിയും. ഇന്നലെ വൈകുന്നേരം മുതൽ നിരവധിയാളുകളാണ് കുടുംബസമേതം പാലങ്ങളുടെ സമീപത്ത് ഫോട്ടോ എടുക്കാനും മറ്റുമായി എത്തിയത്.
വൈറ്റില മേൽപ്പാലത്തിന് 86 കോടി രൂപയാണ് ചെലവ്. കുണ്ടന്നൂർ മേൽപ്പാലത്തിന് 83 കോടി രൂപയും ചെലവ് വന്നു. ഇരു പാലങ്ങളും തുറക്കുന്നതോടെ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരിക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.