Sunday, April 13, 2025
EducationKerala

മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; വയനാട് ജില്ലയില്‍ നാല് സ്‌കൂളുകള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പഌന്‍ഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാര്‍ഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകള്‍ക്കായി നിര്‍മിച്ചതെന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ഉദ്ഘാടനത്തില്‍ പറഞ്ഞു.

വയനാട് ജില്ലയില്‍ പനമരം പഞ്ചായത്തിലെ നീര്‍വാരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 52.21 ലക്ഷം രൂപ ചെവലിട്ട് നിര്‍മിച്ച കെട്ടിടം, വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 52.7 ലക്ഷം രൂപ ചെലവിട്ട കെട്ടിടം, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉദയഗിരി ഗവ.എല്‍പി സ്‌കൂളിന് 85 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടം, 85 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കല്‍പ്പറ്റ മണ്ഡലത്തിലെ കരിങ്കുറ്റി ജിവിഎച്ച്എസ്എസ് എന്നിവയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

പണ്ട് പൊതുവിദ്യാലയങ്ങള്‍ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു സമൂഹം ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോള്‍ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്.

നിലവില്‍ കോവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധിയുണ്ട്. സ്‌കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന സമയം അവ ആരംഭിക്കാമെന്നാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ഇതിന് നാടിന്റെയാകെ സഹകരണമുണ്ടായി.
പൊതുവിദ്യാലയങ്ങള്‍ ആകെ മികവിന്റെ കേന്ദ്രമാക്കുക എന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ടത്. സര്‍ക്കാരിന്റെ ഈ നീക്കത്തിന് തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, ഇതിനോട് താത്പര്യമുള്ള മറ്റു വ്യക്തികള്‍ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമായ 90 ഇടങ്ങളിലും നൂറു കണക്കിന് ആളുകള്‍ എത്തി വിപുലമായി നടക്കേണ്ട ചടങ്ങായിരുന്നു ഇത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി ചുരുക്കേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രാദേശിക പരിപാടികളില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *