Monday, January 6, 2025
Kerala

നവീകരിച്ച മാനാഞ്ചിറ സ്‌ക്വയർ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മാനാഞ്ചിറ സ്‌ക്വയറും വടകര സാന്റ് ബാങ്ക്‌സും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതലത്തില്‍ 27 ടൂറിസം പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഓണ്‍ലൈനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

വിനോദ സഞ്ചാര വകുപ്പ് 1.70 കോടി ചെലവഴിച്ചാണ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. ആംഫി തിയറ്റര്‍, കരിങ്കല്‍ പാതകള്‍, ഡോമുകള്‍, അലങ്കാര വിളക്കുകള്‍, ചുറ്റുമതില്‍ നടപ്പാത നവീകരണം, പെയിന്റിംഗ് ജോലികള്‍, ദിശാ സൂചകം, അറിയിപ്പ് ബോര്‍ഡുകള്‍, ടോയ്‌ലറ്റ് ബ്ലോക്ക്, സ്റ്റാളുകള്‍, പ്രവേശന കവാടം, പ്രതിമകള്‍, മരങ്ങള്‍, ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങള്‍ എന്നിവക്ക് സ്‌പോട്ട്‌ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇലക്‌ട്രിക് പ്രവൃത്തികള്‍ തുടങ്ങിയവയാണ് നടപ്പാക്കിയത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനായിരുന്നു നവീകരണ ചുമതല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തത്.

മാനാഞ്ചിറ സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍, എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എംപി, ജില്ലാ കളക്ടര്‍ സാംബശിവറാവു തുടങ്ങിയവര്‍ പങ്കെടുക്കും.

വിനോദ സഞ്ചാര വകുപ്പിന്റെ ‘ഗ്രീന്‍ കാര്‍പെറ്റ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018ല്‍ അനുവദിച്ച 99.36 ലക്ഷം ഉപയോഗിച്ചാണ് വടകര സാന്റ് ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രം നവീകരിച്ചത്. സിറ്റിംഗ് സ്റ്റോണ്‍ ബെഞ്ച്, വാട്ടര്‍ കിയോസ്‌ക്, സിസിടിവി, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, റസ്റ്റ് റൂം നവീകരണം, സോളാര്‍ ലൈറ്റ്, കുട്ടികളുടെ പാര്‍ക്ക്, കളിക്കാനുള്ള ഉപകരണങ്ങള്‍, സെക്യൂരിറ്റി ക്യാബിന്‍, ലൈഫ് ഗാര്‍ഡുമാരുടെ സുരക്ഷാ ഉപകരണം സൂക്ഷിക്കാനുള്ള മുറി, പ്രവേശന കവാടം, റെയിന്‍ ഷെല്‍ട്ടര്‍ റൂഫിംഗ് നവീകരണം, ചുറ്റുമതില്‍, ഡസ്റ്റ് ബിന്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. സാന്റ് ബാങ്ക്‌സ് ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, കെ. മുരളീധരന്‍ എം.പി എന്നിവര്‍ പങ്കെടുക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *