Tuesday, January 7, 2025
Kerala

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ഒൻപത് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത് 7141.59 ഘനയടി ജലം

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൂടി ഉയർത്തി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി. ഏഴുമണിയോടെയാണ് മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാർ തീരത്ത് താസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകും. രാത്രികാലങ്ങളിൽ ഏകപക്ഷീയമായി ഡാം തുറന്ന് വിടുന്ന തമിഴ്നാടിൻ്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിൻ്റെ നീക്കം.

തമിഴ്നാട് സർക്കാറിൻ്റെ നടപടി ചോദ്യം ചെയ്ത് ഡോ. ജോ ജോസഫും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടസമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *