കാട്ടാനകൾ റെയിൽവെ ട്രാക്കിൽ ഇറങ്ങുന്നത് തടയാൻ കർശന നടപടികൾ
പാലക്കാട് – കോയമ്പത്തൂർ റെയിൽവെ പാളങ്ങളിൽ കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ നടപടി സ്വീകരിക്കുന്നതിന് റെയിൽവേയും വനംവകുപ്പും സംയുക്ത യോഗം ചേർന്നു. ആനകൾ പാളങ്ങളിലേക്ക് എത്തുന്നത് നേരത്തെ തിരിച്ചറിയുന്നതിനായി ഇരുഭാഗത്തെയും ഉദ്യോഗസ്ഥരുടെ ആശയവിനിമയം ശക്തമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഹാങ്ങിങ് ഫെൻസിങ് ഉൾപ്പെടെ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.
അടുത്തിടെ വാളയാറിനടുത്ത് ട്രെയിൻ തട്ടി മൂന്ന് കാട്ടാനകൾ ചെരിഞ്ഞ പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരത്തിന് റെയിൽവേയും, വനം വകുപ്പും യോഗം ചേർന്നത്. ഇതുവരെ കാട്ടാനകൾ ട്രെയിൻതട്ടി ചെരിഞ്ഞത് സംബന്ധിച്ചും, നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
വല്ലടി മുതൽ വാളയാർ വരെയുള്ള 13 കിലോമീറ്ററാണ് വന മേഖലയിലൂടെ ട്രെയിൻകടന്നുപോകുന്നത്. ഇവിടെ വ്യൂ ലൈൻ ക്ലിയർ ചെയ്യാനും, ട്രാക്കർമാരെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ റെയിൽവേ ഉദ്യോഗസ്ഥരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആശയവിനിമയം ശക്തമാക്കാനും തീരുമാനിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ 33 കാട്ടാനകളാണ് ഈ പാതയിൽ ട്രയിൻതട്ടി ചരിഞ്ഞിട്ടുള്ളത്. ഈ വർഷം മാത്രം നാല് കാട്ടാനകൾ ചെരിഞ്ഞിരുന്നു.