Tuesday, January 7, 2025
National

പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി; അധ്യാപകന്റെ ക്രൂരമര്‍ദനത്തിനിരയായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു

അധ്യാപകന്റെ മര്‍ദനത്തിനിരയായ 15വയസുകാരനായ ദളിത് വിദ്യാര്‍ത്ഥി മരിച്ചു. യുപിയിലെ ഔറയ്യ ജില്ലയിലാണ് സംഭവം. നിഖിത് ദോഹ്രെ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ക്ലാസ് പരീക്ഷയില്‍ അക്ഷരത്തെറ്റ് വരുത്തി എന്നാരോപിച്ചാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. സംഭവത്തിന് ശേഷം ചികിത്സയിലിരിക്കെ 19ാം ദിവസമാണ് വിദ്യാര്‍ത്ഥിയുടെ മരണം.

ശനിയാഴ്ച രാത്രി ഇറ്റാവ ജില്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിഖിത് ദോഹ്രെ മരിച്ചത്. സെപ്തംബര്‍ 7 നാണ് അധ്യാപകന്‍ അശ്വിനി സിംഗ് കുട്ടിയെ വടിയുപയോഗിച്ച് മര്‍ദിക്കുകയും ബോധരഹിതനായി വീഴുന്നതുവരെ ചവിട്ടുകയും ചെയ്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥി ബോധരഹിതനായി ആശുപത്രിയില്‍ കിടക്കുന്ന വിഡിയോ കുടുംബം തന്നെ പുറത്തുവിട്ടിരുന്നു.

കുട്ടിയുടെ ചികിത്സയ്ക്കായി അധ്യാപകന്‍ ആദ്യം 10,000 രൂപയും പിന്നീട് 30,000 രൂപയും നല്‍കിയെങ്കിലും പിന്നീട് പിതാവ് വിളിച്ചിട്ട് ഫോണ്‍ എടുത്തിരുന്നില്ല. ിന്റെ ഫോണ്‍കോളുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതായി പിതാവിന്റെ പരാതിയില്‍ പറയുന്നു. അധ്യാപകനെ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ ജാതി അധിക്ഷേപം നടത്തിയെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

കുറ്റാരോപിതനായ അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്ന വകുപ്പും കേസില്‍ ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *