Monday, January 6, 2025
Kerala

വിദ്യാർത്ഥി തെറിച്ചുവീണ സംഭവം: ഡോറില്ലാതെ പാഞ്ഞ ബസ് കസ്റ്റഡിയിൽ, ഡ്രൈവർക്കെതിരെ കേസ്

കോട്ടയം: കോട്ടയത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെ വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ പൊലീസ് നടപടി. അപകടത്തിന് കാരണമായ ബസ് കോട്ടയം ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ ചിങ്ങവനം കൈനടി സ്വദേശി മനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ അപകടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തു.

മൂന്നു പല്ലിളകി കൈകളിൽ പരുക്കേറ്റ് പതിമൂന്നുകാരൻ അഭിരാം ചോരയൊലിപ്പിച്ച്  നിന്നിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബസ് ജീവനക്കാരുടെ സഹായം ഉണ്ടായില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു. തുറന്നിട്ട വാതിലുമായി അമിത വേഗത്തിലാണ് ബസ് അപകട സമയത്ത് പാഞ്ഞത്. കുട്ടി തെറിച്ചു വീണിട്ടും നിർത്താതെ പോയ ബസിന്റെ ജീവനക്കാർ കുട്ടിയെ ആശുപത്രിയിലെത്തിക്കാനും സഹായിച്ചില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി. കോട്ടയം ചിങ്ങവനത്തിനടുത്ത് പാക്കിൽ ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് ബസ്സിനെതിരെ നടപടി തുടങ്ങി.

അമിത വേഗത്തിൽ ഓടുന്ന സ്വകാര്യ ബസ്സിൽ നിന്ന് സ്കൂൾ വിദ്യാർത്ഥി റോഡിലേക്ക് തെറിച്ച് വീഴുന്ന ദൃശ്യം കണ്ടാൽ ആരും പേടിക്കും. കോട്ടയം പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിട്ടു. ഓട്ടോ മാറ്റിക് വാതിൽ തുറന്നു വച്ചതും അമിത വേഗവുമാണ് അപകട കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിഗമനം. ഡ്രൈവറോട് നേരിട്ട് ഹാജരാകാനും കോട്ടയം ആർ ടി ഒ നിർദ്ദേശിച്ചു. എന്നാൽ സ്റ്റോപ്പെത്തും മുമ്പ് ബസിൽ നിന്ന് ചാടിയിറങ്ങാൻ കുട്ടി ശ്രമിച്ചതാണ് അപകട കാരണം എന്ന വാദമാണ് ബസ് ജീവനക്കാർ ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *