Saturday, October 19, 2024
Top News

ഫുട്‌ബോൾ ഗാലറി തകർന്ന സംഭവം; സംഘാടകർക്കെതിരെ കേസ്

മലപ്പുറം കാളികാവിൽ ഫുട്‌ബോൾ ഗാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവ് പൂങ്ങോട് ഇന്നലെ രാത്രിയാണ് ഗാലറി തകർന്നത്. അപകടമുണ്ടാവുമെന്ന് അറിഞ്ഞിട്ടും പരിധിയിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്.

ഐപിസി 308 വകുപ്പുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. 3000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയമാണ് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 6000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്നാണ് സംഘാടകർ പറഞ്ഞിരുന്നത്. അപകടം നടക്കുമ്പോൾ പതിനായിരത്തോളം ആളുകൾ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

മഴയിൽ സ്‌റ്റേഡിയത്തിന്റെ കാലുകൾ ഇളകിയതാണ് അപകടത്തിന് കാരണമെന്നാണ് സംഘാടകർ പറയുന്നത്. ഇരുനൂറോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ 15 പേർക്ക് മാത്രമാണ് കാര്യമായ പരിക്കുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്റ്റേഡിയം ഇൻഷൂർ ചെയ്തതാണെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് തങ്ങൾ വഹിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.