‘ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല, ഇത് അവകാശവാദത്തിന്റെ ദിവസമല്ലല്ലോ…’; ജെയ്ക് സി തോമസ്
പുതുപ്പള്ളിയില്‍ ജനവിധി പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ശുഭപ്രതീക്ഷയില്‍ ഏറ്റവും ആത്മവിശ്വാസത്തോടെയാണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ഇന്ന് അവകാശവാദങ്ങള്‍ക്കുള്ള ദിവസമല്ലെന്നാണ് ജെയ്ക്ക് സി തോമസ് വിശദീകരിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ക്കകം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി കെട്ടുറപ്പോടെ ഈ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജെയ്ക് സി തോമസ് പറഞ്ഞു.
രാവിലെ 8 മണി മുതല്‍ ബസേലിയസ് കോളജില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 1,28,535 പേരാണ് പുതുപ്പള്ളിയില്‍ വിധിയെഴുതിയത്. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 64,455 പേര്‍ സ്ത്രീകളും 64,078 പേര്‍ പുരുഷന്മാരും രണ്ട് പേര്‍ ട്രന്‍സ്ജന്‍ഡറുമാണ്. രാവിലെ 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ എത്തി തുടങ്ങും.
വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളില്‍ തപാല്‍ വോട്ടും ഒരു മേശയില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ റൗണ്ടില്‍ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.