തിരുവല്ലത്ത് കടലിൽ മൃതദേഹം കണ്ടെത്തി; മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേതെന്ന് സംശയം
തിരുവല്ലം പനത്തുറയിൽ കടലിൽ മൃതദേഹം കണ്ടെത്തി. മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേത് എന്ന് സംശയം. കോസ്റ്റൽ പൊലീസ് പരിശോധന നടത്തുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് അദാനി പോർട്ടിൽ നിന്നും വലിയ ക്രെയിനെത്തിച്ചും തെരച്ചിൽ ആരംഭിച്ചു.
മുതലപ്പൊഴിയിൽ അപകടം നടന്ന് ഇന്നേയ്ക്ക് നാല് ദിവസമായി. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ വർക്കല ചിലക്കൂർ സ്വദേശി കഹാറിന്റെ മക്കളും വിദ്യാർഥികളുമായ മുഹമ്മദ് ഉസ്മാൻ(19), മുഹമ്മദ് മുസ്തഫ(16), രാമന്തളി സ്വദേശി അബ്ദുൽസമദ്(50) എന്നിവർക്കു വേണ്ടിയാണു തെരച്ചിൽ നടത്തുന്നത്.
ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ നിന്നും ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക് പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ മരങ്ങൾ വരെ പിഴുതുമാറ്റിയാണ് രക്ഷാപ്രവർത്തനം നീങ്ങുന്നത്.
അതേസമയം ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥലത്തെത്താത്തതും വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. വകുപ്പു മന്ത്രിയടക്കം അപകടത്തിൽ പരുക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കാൻ തയാറായില്ലെന്നാണു പരാതി.