കൊച്ചിയിൽ ഭീമൻ പൂക്കളം; 300 കിലോ പൂക്കൾ, 500 സ്‌ക്വയർ ഫീറ്റ് വിസ്തൃതി !
കൊച്ചിയിലെ ഏറ്റവും വലിയ പുക്കളം ഒരുക്കി തിരുവോണത്തെ വരവേറ്റിരിക്കുകയാണ് ഫോർട്ട് കൊച്ചി സ്വദേശികൾ. സാന്റാ ക്രൂസ് ഗ്രൗണ്ടിൽ 500 സ്‌ക്വയർ ഫീറ്റിലാണ് സ്‌നേഹപൂക്കളം ഒരുക്കിയിരിക്കുന്നത്.
ഫോർട്ടുകൊച്ചിയിലെ സാന്റാ ക്രൂസ് ഗ്രൗണ്ടിന് നടുവിലായി പടുകൂറ്റൻ അത്തപ്പൂക്കളം. 500 സ്‌ക്വയർഫീറ്റിൽ ഒറ്റ ദിവസം കൊണ്ട് തീർത്ത ഈ ഓണപ്പൂക്കളം കൊച്ചിയിലെ ഏറ്റവും വലുതെന്ന് സംഘാടകരുടെ അവകാശവാദം.
അത്തപ്പൂക്കളം ഒരുക്കാൻ ഫോർട്ടുകൊച്ചി സ്വദേശികൾക്കൊപ്പം വിദേശികളും പങ്കാളികളായി.ബാംഗ്ലൂരിൽ നിന്ന് 300 കിലോ പൂക്കളാണ് അത്തക്കളത്തിനായി ഇറക്കിയത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.
തിരുവാതിരയും ഗാനമേളയും തുടങ്ങി വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.