ഓണം വാരാഘോഷം; തിരുവനന്തപുരത്തിന്റെ സുരക്ഷാച്ചുമതലയ്ക്ക് 960 പൊലീസുകാർ
കേരളത്തിലെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ 960 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. പരിപാടികളുടെ സുഗമമായ നടത്തിപ്പും ആളുകളുടെ സുരക്ഷയും മുന്നിൽകണ്ടാണ് തിരുവനന്തപുരം ജില്ലയിൽ പഴുതടച്ച സുരക്ഷാ സംവിധാനമൊരുക്കുന്നത്.
ട്രാഫിക് നിയന്ത്രണം, മഫ്തി പൊലീസ് നിരീക്ഷണം, ഇവിടെയെത്തുന്നവർക്കുള്ള അടിയന്തര സഹായം, സിസിടിവി നിരീക്ഷണം, സ്നാച്ചിങ്- മിസിങ് കേസുകൾ, ജനക്കൂട്ട നിയന്ത്രണം തുടങ്ങിയ ദൗത്യങ്ങളാണ് ഇവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ളത്. ജില്ലയിലെ 32 പ്രധാന വേദികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ജില്ലാ പോലീസ് കൺട്രോൾ സെന്ററിന് കീഴിൽ ഓണം വാരാഘോഷത്തിന്റെ അവസാന ദിനം വരെയും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.
ഓണം വാരാഘോഷത്തിന്റെ പ്രധാനവേദികളിലൊന്നായ കനകക്കുന്നിൽ മാത്രം മുന്നൂറോളം പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഡിസിപിയുടെ നേതൃത്വത്തിൽ അഞ്ച് സിഐമാർ, ഒരു ഡിവൈഎസ്പി, 10 എസ് ഐമാർ എന്നിവർ അടങ്ങുന്നതാണ് കൺട്രോൾ റൂം. 36 സുരക്ഷാ ക്യാമറകളിലൂടെ കനകക്കുന്നിന്റെ മുക്കും മൂലയും നിരീക്ഷിക്കാൻ നിശാഗന്ധിക്ക് സമീപത്തുള്ള കൺട്രോൾ റൂമിലെ സ്‌ക്രീനുകളും സജ്ജമാണ്.