മുഴുവൻ വാർഡുകളിലും കോവിഡ് കണ്ട്രോൾ റൂം തുറന്ന് അമ്പലവയൽ പഞ്ചായത്ത്; ജില്ലയിലെ ആദ്യ പഞ്ചായത്ത്
അമ്പലവയൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത്. 20 വാർഡുകളിലും കണ്ട്രോൾ റൂം ആരംഭിച്ച ജില്ലയിലെ ആദ്യ പഞ്ചായത്താണ് അമ്പലവയൽ. തിങ്കളാഴ്ചയോടെ എല്ലാ വാർഡ് കൺട്രോൾ റൂമുകളുടെയും പ്രവർത്തനം ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം. വാർഡുകളിലെ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്കുകൾ ശേഖരിക്കുക, അവരുടെ ആവശ്യങ്ങൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ റാപിഡ് റെസ്പോൺസ് ടീമിനെ അറിയിക്കുക, കോവിഡ് പ്രതിരോധം ഊർജ്ജസ്വലമാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുക, വാക്‌സിൻ ലഭിക്കേണ്ടുന്നവരുടെ പട്ടിക തയ്യാറാക്കുക തുടങ്ങി തീർത്തും ശാസ്ത്രീയമായാണ് ഓരോ കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നത്. നോഡൽ ഓഫീസർമാർക്കാണ് ചുമതല. അതാത് ദിവസത്തെ റിപ്പോർട്ട് 24 മണിക്കൂറും അമ്പലവയലിലെ പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് കൺട്രോൾ റൂമിലേക്ക് നൽകും.
പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡണ്ട് കെ ഷമീർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി ബി സെനു എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വാർഡ് അംഗങ്ങളെയും ഏകോപിപ്പിച്ച് കൊണ്ടാണ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ ഒരു സമയത്ത് ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ നിലവിൽ കേസുകൾ നിയന്ത്രണ വിധേയമാക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം മാതൃകാപരമാണ്.