Saturday, January 4, 2025
Kerala

മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ ആശങ്ക വേണ്ട: നഷ്ടപരിഹാരം ലഭ്യമാക്കുന്നത് വേഗത്തിലാക്കും; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മന്ത്രിമാരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല അവലോകന യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മഴക്കെടുതി നേരിടാനുള്ള പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും അവലോകന യോഗത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ആന്റണി രാജു പറഞ്ഞു. നാശനഷ്ടങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായി വിലയിരുത്തുമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കുന്നത് വേഗത്തിലാക്കുമെന്നും മന്ത്രി.

മഴയുടെ തീവ്രത കുറഞ്ഞു വരുന്നുണ്ട്. എന്നിരുന്നാലും, ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ലാ ഭരണകൂടം സജ്ജമാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടാകുന്ന പ്രദേശങ്ങളിൽ മണ്ണ് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൽസ്യത്തൊഴിലാളികൾ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

താലൂക്ക് കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും മഴയ്ക്ക് ശേഷം ഉണ്ടാകുന്ന പ്രതിസന്ധികൾ താമസംവിനാ പരിഹരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജില്ലയിൽ ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു .

നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. നെടുമങ്ങാട് 19 കുടുംബങ്ങളെ ക്യാമ്പിലും 20 കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും മാറ്റി പാർപ്പിച്ചിട്ടുണ്ട്. കാട്ടാക്കട താലൂക്കിൽ ഒരു കുടുംബത്തിലെ രണ്ടു പേരെയാണ് ക്യാമ്പിലേക് മാറ്റിയത്. മാറ്റിപാർപ്പിച്ചവർക്കാവശ്യമായ വൈദ്യസഹായമുൾപ്പെടെയുള്ള എല്ലാ സഹായങ്ങളും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചെയ്തിട്ടുണ്ട്. 87 ലക്ഷം രൂപയുടെ കൃഷി നാശമാണ് നിലവിൽ കണക്കാക്കിയിരിക്കുന്നത്. നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 83.46 അടിയാണ് നെയ്യാർഡാമിലെ നിലവിലെ ജലനിരപ്പ്.

എല്ലാ ഡാമുകളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഷട്ടറുകൾ അടയ്ക്കും. പൊന്മുടി റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ മണ്ണ് പൂർണമായും മാറ്റി. കെഎസ്ഇബി യുടെ നേതൃത്വത്തിൽ ദ്രുതകർമ്മ സേനും സജ്ജമാണ്. കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ അറിയിക്കാൻ 9496010101, വൈദ്യുതി വിതരണ പരാതികൾക്ക് 1912 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

 

Leave a Reply

Your email address will not be published. Required fields are marked *