നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവം; പ്രതിഷേധവുമായി നാട്ടുകാർ
പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. വന്യമൃഗശല്യം തടയാൻ നടപടി വേണമെന്ന ആവശ്യവുമായി പ്രദേശവാസികളും സിപിഐഎം പ്രവർത്തകരും ചേർന്ന് ഇപ്പോൾ പാലക്കാട് ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുകയാണ്. അകത്തേത്തറ, പുതുപെരിയാരം പഞ്ചായത്തുകളിൽ സിപിഐഎം ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു.
ഫോറസ്റ്റ് ഓഫീസറോട് ഇക്കാര്യം സംസാരിച്ചപ്പോൾ, ‘റോഡിലൂടെ എന്തിനു നടക്കാനിറങ്ങി?’ എന്നായിരുന്നു ചോദ്യമെന്ന് നാട്ടുകാർ പറയുന്നു. കുങ്കിയാനയ്ക്ക് ഫോറസ്റ്റ് അധികൃതർ നൽകുന്ന ഭക്ഷണം കഴിച്ച് ജീവിക്കുന്ന ആനയാണ് കൊന്നത്. വനം വകുപ്പുകാർ തീറ്റിപ്പോറ്റിയ കാട്ടാനയാണ് ഞങ്ങളെ കൊന്നത്. ആളെ കൊന്നതിൽ ഉത്തരവാദി കാട്ടുമൃഗമല്ല, വനം വകുപ്പാണ് എന്നും നാട്ടുകാർ പറയുന്നു.
പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്.
മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.