Tuesday, April 15, 2025
Kerala

വിദ്യയുടേത് വ്യാജരേഖയെന്ന് തെളിഞ്ഞു; പരാതി നല്‍കുമെന്ന് കരിന്തളം കോളജ് അധികൃതര്‍

വിദ്യ പ്രതിയായ വ്യാജ രേഖ ചമയ്ക്കല്‍ കേസില്‍ പരാതി നല്‍കുമെന്ന് കരിന്തളം കോളജ് അധികൃതര്‍. വിദ്യ കരിന്തളം കോളജില്‍ ഹാജരാക്കിയത് വ്യാജ രേഖ തന്നെയെന്ന് കരിന്തളം അധികൃതര്‍ സ്ഥിരീകരിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ അക്കാദമിക് വര്‍ഷത്തിലാണ് കെ വിദ്യ കരിന്തളം കോളജില്‍ താത്ക്കാലിക അധ്യാപികായായി ജോലി ചെയ്തത്. അന്ന് സമര്‍പ്പിച്ച രേഖകളില്‍ മഹാരാജാസിലെ വ്യാജ രേഖയും ഉള്‍പ്പെട്ടിരുന്നു. വിവാദമുണ്ടായതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇത് കോളജ് അധികൃതര്‍ പരിശോധിച്ചതും തിരിച്ചറിഞ്ഞതും. ഇത് സ്ഥിരീകരിക്കുന്നതിനായി അധികൃതര്‍, മഹാരാജാസ് കോളജിലേക്ക് അയച്ചുകൊടുക്കുകയും വ്യാജമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതി നല്‍കാനുള്ള നീക്കം.

വ്യാജരേഖ ചമയ്ക്കല്‍ വിവാദം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് കെ.വിദ്യ ട്വന്റിഫോറിനോട് പ്രതികരിച്ചത്. വ്യാജരേഖ ചമയ്ക്കല്‍ വിവാദം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കട്ടെ. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിച്ചിട്ട് മാധ്യമങ്ങളിലൂടെ തന്നെ പ്രതികരിക്കാമെന്നും വിദ്യ പറഞ്ഞു.

കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിനായി നടന്ന വഴിവിട്ട നീക്കങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ചട്ടം മറികടന്ന് വിദ്യയുടെ പേര് തിരുകി കയറ്റിയ റിസര്‍ച്ച് കമ്മിറ്റി യോഗത്തിലെ മിനുട്ട്‌സിന്റെ പകര്‍പ്പ് ട്വന്റി ഫോറിന് ലഭിച്ചു. സര്‍വകലാശാലയിലെ റിസര്‍ച്ച് കമ്മിറ്റി മലയാളം പി എച്ച് ഡി പ്രവേശനത്തിനായി ആദ്യം ശുപാര്‍ശ ചെയ്തത് 10 പേരുകളാണ്. എന്നാല്‍ ഇതിനു പുറമേ അഞ്ചുപേരെ കൂടി ഉള്‍പ്പെടുത്താന്‍ പിന്നീട് തീരുമാനിച്ചു. വിദ്യയെ തിരുകിക്കയറ്റാനായിരുന്നു ഇത്. ആദ്യപത്തില്‍ സംവരണം മാനദണ്ഡം പാലിച്ചപ്പോള്‍ അധികമായി ഉള്‍പ്പെടുത്തിയ സീറ്റുകളില്‍ അട്ടിമറിച്ചു. എസ് സി, എസ്ടി സെല്ലിന്റെ റിപ്പോര്‍ട്ടും അട്ടിമറി തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *