Saturday, April 12, 2025
Kerala

ദേ… ഇങ്ങെത്തി; കുറച്ച് വൈകിയാലും കാലവര്‍ഷം കേരളത്തിൽ, 10 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കാലവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒരാഴ്ച വൈകിയെങ്കിലും കേരളത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളിലും കാലവർഷമെത്തിയതായി അധികൃതർ അറിയിച്ചു. കാലവർഷം അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യും. ഒമ്പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്പതിന് എട്ട് ജില്ലകളിലും 10ന് അഞ്ച് ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞാണ് എത്തിയത്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

അതേസമയം, മധ്യ-കിഴക്കൻ അറബിക്കടലിൽ വീശുന്ന ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. നിലവിൽ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോർജോയ് ചുഴലിക്കാറ്റിന് മണിക്കൂറിൽ 160 കി.മീറ്റാണ് വേഗം.

Leave a Reply

Your email address will not be published. Required fields are marked *