എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജപീഡന പരാതി; സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം
എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി കെട്ടിച്ചമച്ച കേസിൽ സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്‌നയടക്കം പത്ത് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എയർ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബ് ഒന്നാം പ്രതിയും എച്ച് ആർ മാനേജരായിരുന്ന സ്വപ്‌ന രണ്ടാം പ്രതിയുമാണ്
ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ട്രേഡ് യൂണിയൻ നേതാവും ഉദ്യോഗസ്ഥനുമായ എസ് എൽ സിബുവിനതെിരെ 17 സ്ത്രീകളുടേതായിരുന്നു പരാതി. ഇതിൽ ആഭ്യന്തര പരാതി പരിഹാര സമിതി പരാതി ശരിവെക്കുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു
എന്നാൽ ബിനോയ് ജേക്കബും സ്വപ്‌ന സുരേഷും ചേർന്നാണ് വ്യാജ പരാതി തയ്യാറാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതി ഇവരുടെ ഗൂഢാലോചനക്ക് കൂട്ടുനിൽക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ആഭ്യന്തര പരാതി പരിഹാര സമിതിയിലെ ദീപക് ആന്റോ, ഷീബ, നീതു മോഹൻ, ഉമാ മഹേശ്വരി സുധാകരൻ, സത്യൻ സുബ്രഹ്മണ്യം, രാജു, ലീന ബിനീഷ്, ശ്രീജ ശശിധരൻ എന്നിവരും പ്രതികളാണ്. പരാതിയിൽ ആദ്യം ഒപ്പിട്ടിരുന്നത് പാർവതി സാബു എന്ന് പറയുന്ന ജീവനക്കാരിയാണ്. എന്നാൽ പാർവതി സാബു എന്ന പേരിൽ ഹാജരായിരുന്നത് അഞ്ചാം പ്രതിയായ നീതു മോഹനായിരുന്നു. ആൾമാറാട്ടം നടത്തിയതിന് പിന്നിലും സ്വപ്‌ന സുരേഷായിരുന്നു.