Saturday, January 4, 2025
Kerala

കൂടത്തായി കൂട്ടക്കൊലക്കേസിൽ വീണ്ടും കൂറുമാറ്റം; അഭിഭാഷകനായ പ്രദേശിക സിപിഎം നേതാവ് കൂറുമാറി

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൂട്ടക്കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം. അഭിഭാഷകനായ സി വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156 -ാം സാക്ഷിയായിരുന്നു ഇയാള്‍. അസ്സൽ വിൽപത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് ഇദ്ദേഹം നേരത്തെ മൊഴി നൽകിയിരുന്നത്. സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സി വിജയകുമാര്‍.

കേസില്‍ നേരത്തെയും ഒരു സാക്ഷി കൂറുമാറിയിരുന്നു. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങൽ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാർ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീൺ. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്.

ജോളിയുമായി ചേർന്ന് വ്യജ വിൽപ്പത്രം തയ്യാറാക്കിയെന്ന കേസിൽ നാലാം പ്രതിയാണ് മനോജ് കുമാർ. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വർഷം ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നുമാണ് പ്രവീൺ നൽകിയ മൊഴി. തെളിവെടുപ്പ് വേളയിൽ പൊലീസിന്‍റെ മഹദ്സറിൽ സാക്ഷിയായി ഒപ്പ് വെച്ചതും പ്രവീണായിരുന്നു. എന്നാൽ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നുമാണ് ഇന്ന് വിചാരണ വേളയിൽ ഇയാൾ കോടതിയിൽ പറഞ്ഞത്.

2019 ഒക്ടോബർ നാലിന് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ ഒരു കല്ലറ തുറന്ന് പരിശോധിച്ചതാണ് കൂടത്തായി കേസിൽ വഴിത്തിരിവായത്. കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ അടക്കം ചെയ്ത സിലി, മകൾ ആൽഫൈൻ, കൂടത്തായി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടിൽ ടോം മാത്യൂ, ഭാര്യ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യൂ എന്നിവരുടെ മൃതദേഹവഷിഷ്ടങ്ങളാണ് ഒക്ടോബർ നാലിന് പുറത്തെടുത്തത്. പിന്നീട് ആറ് മരണവും കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *