കൂടത്തായി കേസിൽ കൂറുമാറ്റം; ജോളിക്ക് അനുകൂലമായ മൊഴി നൽകി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ കുമാർ
കൂടത്തായി കൊലപാതക്കേസിൽ സാക്ഷിയുടെ കൂറുമാറ്റം. കേസിൽ 155-ാം പ്രതിയായി ചേർക്കപ്പെട്ട മുൻ സിപിഐഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രവീൺ കുമാർ ആണ് വിചാരണവേളയിൽ കൂറുമാറിയത്. ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായി ഇയാൾ മൊഴി തിരുത്തിയത്.
ജോളിക്ക് വ്യാജരേഖ ചമച്ചു നൽകി എന്നതായിരുന്നു മനോജ് കുമാറിനെതിരായ കുറ്റം. മനോജ് കുമാറിനെ തനിക്ക് അറിയാമായിരുന്നു എന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി സൗഹൃദത്തിൽ ആയിരുന്നുവെന്നും എന്നുമുള്ള മൊഴിയാണ് പ്രവീൺ കുമാർ തിരുത്തിയത്. കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറുന്നത്.
ആദ്യ ഘട്ടത്തിൽ നൽകിയ മൊഴി തിരുത്തിയ പ്രവീൺ കുമാർ താൻ ഇത്തരത്തിൽ ഒരു മൊഴി നൽകിയിട്ടില്ലെന്നും മനോജ് കുറിനെ അറിയില്ലെന്നുമാണ് അറിയിച്ചത്. ഇന്ന് വിചാരണ വേളയിൽ ജോളിയുടെ സഹോദരനടക്കം 46 പേരെയാണ് അന്വേഷണ സംഘം വിചാരണ നടത്തിയത്.
2011ലാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് നടത്തിയ പരിശോധനകളിൽ കൊലപാതക വിവരം പുറത്താവുകയായിരുന്നു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.