രാജ്യം ഇപ്പോഴും പിടിച്ചു നിൽക്കുന്നത് നെഹ്‌റുവും ഗാന്ധിയും കാരണം: കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ശിവസേന
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ദരിദ്ര രാജ്യങ്ങൾ വരെ ഇന്ത്യക്ക് സഹായം ചെയ്യുന്നപോൾ കോടികൾ മുടക്കി പണിയുന്ന സെൻട്രൽ വിസ്ത പദ്ധതി നിർത്തിവെക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ലെന്ന് ശിവസേന ചൂണ്ടിക്കാട്ടി
മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിംഗ് ഉൾപ്പെടെയുള്ളവർ 70 വർഷത്തിനിടെ സൃഷ്ടിച്ചെടുത്ത സംവിധാനങ്ങളുടെയും വികസനത്തിന്റെയും പിൻബലത്തിലാണ് ദുഷ്‌കരമായ പ്രതിസന്ധിയിലും രാജ്യം പിടിച്ചുനിന്നത്. നെഹ്‌റുവും ഗാന്ധിയും ഉണ്ടാക്കിയെടുത്ത ശക്തമായ സംവിധാനങ്ങൾ ഒന്നുകൊണ്ട് മാത്രമാണ് കൊവിഡ് പ്രതിസന്ധിയിൽ രാജ്യം ഇപ്പോഴും അതിജീവിക്കുന്നതെന്നും സാമ്‌നയിൽ എഴുതിയ ലേഖനത്തിൽ ശിവസേന വിമർശിച്ചു.
നിരവധി ദരിദ്ര രാജ്യങ്ങൾ ഇപ്പോൾ ഇന്ത്യയ്ക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പാക്കിസ്ഥാൻ, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങളാണ് നേരത്തെ മറ്റുള്ളവരിൽ നിന്ന് സഹായങ്ങൾ തേടിയിരുന്നത്. മോദിയുടെ നയങ്ങൾ കാരണം ഇന്ത്യയും ഇതിന് സമാനമായ സാഹചര്യത്തിലെത്തിയെന്നും ശിവസേന വിമർശിച്ചു