എലത്തൂർ ട്രെയിൻ തീ വെപ്പ് കേസ്; ഷാരുഖ് സൈഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
എലത്തൂർ ട്രെയിൻ തീ വെപ്പ് കേസിൽ പ്രതി ഷാരുഖ് സൈഫിയെ ഇന്ന് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും. 10 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാകും കോടതിയിലെത്തിക്കുക. ഇന്ന് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നാകും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുക. ഇന്നലെ ഒരു പകൽ നീണ്ട വൈദ്യ പരിശോധനക്ക് ശേഷം ഷാരൂഖിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തിരുന്നു. രക്ത പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം. പൊലീസിൻ്റെ കനത്ത സുരക്ഷ വലയത്തിൽ മെഡിക്കൽ കേളേജിലെ പോലീസിൻ്റെ പ്രത്യേക സെല്ലിലാണ് പ്രതിയെ താമസിപ്പിക്കുന്നത്. ശരീരത്തിലേറ്റ പൊള്ളലുകൾ, മുറിവുകൾ എന്നിവക്ക് പ്രത്യേക ചികിത്സ നൽകുന്നുണ്ട്.
ഷാരുഖ് സൈഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡൽഹി പൊലീസ്. സമ്പർകാന്തി എക്സ്പ്രെസ്സിൽ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാൻ ശ്രമിച്ചെന്നുമായ വിഷയങ്ങൾ പരിശോധിച്ചാണ് ഡൽഹി പൊലീസ് ഈ നിലപാടിൽ എത്തിയത്. ഇയാൾ ഒരു ഘട്ടത്തിലും മുൻപ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന കുടുംബത്തിന്റെ വാദത്തോട് പൊലീസിന് യോജിക്കാനും സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട ഡൽഹി പൊലീസ് ലഭിച്ച വിവരങ്ങൾ പരിശോധിച്ചപ്പോൾ ഷാരൂഖ് സൈഫി ഡൽഹി വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
വിവരങ്ങൾ പരിശോധിക്കുമ്പോൾ ഒറ്റയ്ക്കല്ല ഷാരൂഖ് കേരളത്തിലെയ്ക്ക് കടന്നതെന്ന് പൊലീസ് വിലയിരുത്തി. അജ്ഞാതമായ ഒരു സംഘത്തിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് ഷാരൂഖ് സൈഫിയുടെ യാത്ര. കൂടാതെ, ഇയാൾ ഒറ്റയ്ക്കല്ല കേരളത്തിലേക്ക് പോയതെന്നും ഒരു പക്ഷെ സംഘത്തിലെ മറ്റുള്ളവർ ഇപ്പോഴും കേരളത്തിൽ തുടരുന്നവെന്നും പൊലീസിന് നിഗമനമുണ്ട്. ഈ ഒരു സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാനാണ് ഡൽഹി പോലീസിനിടെ നീക്കം.