എസ്എസ്എൽസി ചോദ്യപേപ്പറുകൾ ഉൾപ്പടെ എല്ലാം എത്തിച്ചു, ബ്രഹ്മപുരത്തിന് സമീപത്തുള്ള കുട്ടികളുടെ ബുദ്ധിമുട്ടുകൾ പരിശോധിക്കും; മന്ത്രി വി. ശിവൻകുട്ടി
എസ്എസ്എൽസി പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ചോദ്യപേപ്പറുകൾ ഉൾപ്പടെ എല്ലാം എത്തിച്ചു കഴിഞ്ഞു. അധ്യാപകരുടെ എസ്എസ്എൽസി സ്പെഷ്യൽ ഡ്യൂട്ടിയിൽ കുട്ടികൾക്ക് വേണ്ടി അധിക ജോലി ചെയ്യുന്നത് പ്രശ്നമായി കാണരുത്. കളക്ടറേയും മേയറേയും ബന്ധപ്പെട്ട് കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ യോഗത്തിൽ കായിക നയവുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായം ഉണ്ടായില്ല. വിഷയം യോഗത്തിൽ ഉയർന്നിരുന്നു. ചർച്ച നടത്തി പിന്നീട് കാര്യങ്ങൾ തീരുമാനിക്കും. ബ്രഹ്മപുരം വിഷയത്തിൽ എറണാകുളത്തെ കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് പിന്നാലെ കൊച്ചി നഗരത്തിലാകെ പുക വ്യാപിക്കുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
നഗരത്തിലെ മലിനീകരണ പ്രശ്‌നത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് കോടതി ചോദിച്ചു. തീപിടിത്തം മനുഷ്യനിര്‍മിതമാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്ന് കോടതി ചോദിച്ചു. ഇത് മനുഷ്യനിര്‍മിതമാണോ അതോ ദൈവത്തിന്റെ പ്രവര്‍ത്തിയാണോ എന്നും കോടതി പരിഹസിച്ചു. തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതിയ്ക്ക് രൂപം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.