Thursday, January 9, 2025
Kerala

സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

 

തിരുവനന്തപുരം: സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താൻ അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏർപ്പാടാണ് സ്ത്രീധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീധനത്തിനെതിരെയുള്ള പരാതികളിന്മേൽ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് പുതിയ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികൾക്കോ, പൊതുജനങ്ങൾക്കോ, സംഘടനകൾക്കോ ഒക്കെ പരാതി സമർപ്പിക്കാവുന്നതാണ്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകൾക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് പുരുഷന്മാർക്കും കൃത്യമായ ബോധം ഉണ്ടാവണം. അതിനുതകുന്ന വിവാഹപൂർവ കൗൺസിലിങ് പദ്ധതി ആരംഭിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു

കുട്ടികൾക്ക് ചെറുപ്രായം മുതൽ തന്നെ സമത്വം മനസിലാക്കികൊടുക്കാനാകും. അങ്കണവാടികളിൽ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികൾ ജെൻഡർ ഓഡിറ്റിനു വിധേയമാക്കി പരിഷ്‌ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌ക്കരിച്ച ‘അങ്കണപ്പൂമഴ’ എന്ന വർക്ക് ബുക്ക് തയ്യാറാക്കിയത്. അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യപോഷണ നിലവാരം ഉയർത്താനായി ‘പെൺട്രികകൂട്ട’ പദ്ധതി നടപ്പാക്കുകയാണ്. അതിക്രമങ്ങളെ ചെറുത്തു നിൽക്കാൻ മാനസികവും ശരീരികവുമായി പെൺകുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ധീര’ പദ്ധതി കൂടി ആവിഷ്‌ക്കരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *