കെ റെയിലിന്റെ ബദലെന്ന് യുഡിഎഫ് പറയുന്ന സബർബൻ റെയിൽ കേന്ദ്രം നേരത്തെ തള്ളിയ പദ്ധതി
കെ റെയിലിന്റെ ബദലെന്ന് കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച സബർബൻ റെയിൽ പദ്ധതി കേന്ദ്രസർക്കാർ നേരത്തെ തള്ളിയ പദ്ധതിയെന്ന് റിപ്പോർട്ട്. 2017ൽ തന്നെ ഈ പദ്ധതി കേന്ദ്രസർക്കാർ തള്ളിയിരുന്നു. 2016ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സബർബൻ റെയിൽ എന്ന ആശയം മുന്നോട്ടുവെക്കുന്നത്.
ആദ്യമുണ്ടായിരുന്ന ഹെ സ്പീഡ് റെയിൽ എന്ന ആശയം എതിർപ്പിനെ തുടർന്നാണ് സബർബൻ എന്ന ആശയത്തിലേക്ക് എത്തിയത്. ഇതിന്റെ സാധ്യതാ പഠനം അടക്കം നടത്തിയിരുന്നു. പതിനായിരം കോടി രൂപ ചെലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള റെയിൽ സർവീസായിരുന്നു യുഡിഎഫ് ഉദ്ദേശിച്ചിരുന്നത്. അതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയുള്ള റെയിൽ സർവീസ് നിലവിലെ റെയിൽപാതയിലൂടെ തന്നെ നടത്താനായിരുന്നു തീരുമാനം.
2017 പിണറായി സർക്കാരിന്റെ കാലത്താണ് ഇതിനുള്ള മറുപടി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്നത്. നിലവിലുള്ള പാതയിലൂടെ സർവീസ് സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് സബർബൻ റെയിൽ പദ്ധതി കേന്ദ്രം തള്ളിയത്. യുഡിഎഫ് പറയുന്നത് പോലെ കെ റെയിലിന് ബദലാണ് സബർബൻ റെയിൽ എന്ന കാര്യം കേന്ദ്രം അംഗീകരിക്കുന്നില്ല.