ഡിജിപി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ്: നൈജീരിയൻ സ്വദേശി പിടിയിൽ
കേരളാ ഡിജിപി അനിൽകാന്തിന്റെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ നൈജീരിയൻ സ്വദേശി റൊബാനസ് ക്ലിബൂസ് പിടിയിൽ. ഡൽഹിയിലെ ഉത്തം നഗറിൽ നിന്നും തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് ഇയാളെ പിടികൂടിയത്.
ഡിജിപിയുടെ പേരിൽ ഒരു അധ്യാപികയിൽ നിന്നും 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഡിജിപി അനിൽ കാന്തിന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽ നിന്നുമാണ് പണം തട്ടിയത്. ഓൺ ലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്നായിരുന്നു പണം തട്ടിയത്.
സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോൾ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോൾ ഡൽഹിയിലാണെന്നും അറിയിച്ചു.
ഇതോടെ സംശയം തീക്കാൻ അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡൽഹിയിലേക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശമയച്ചത് ഡിജിപി ആണെന്ന് വിശ്വസിച്ച് അധ്യാപിക പണം കൈമാറുകയായിരുന്നു.