കുറഞ്ഞ ചിലവിൽ ഗൃഹോപകരണങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം തട്ടിപ്പ്;പേര്യ സ്വദേശി പിടിയിൽ
വയനാട് ജില്ലയിലും,അയല്‍ ജില്ലകളിലും വീടുകള്‍ കയറിയിറങ്ങി ഫ്രിഡ്ജ്,വാഷിംഗ് മെഷീന്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വ്യാപക പണപ്പിരിവ് നടത്തി മുങ്ങുന്ന തട്ടിപ്പുകാരനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഗൃഹോപകരണങ്ങള്‍ എത്തിച്ച് നല്‍കാമെന്ന പേരില്‍ പുല്‍പള്ളി സീതാമൗണ്ടിലെ രണ്ടാളുകളില്‍ നിന്ന് പണം വാങ്ങി മുങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പേര്യ കപ്പാട്ട്മലയിലെ മുക്കത്ത് വീട്ടില്‍ ബെന്നി ബേബി(42)യെ പുല്‍പ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്. മിതമായ നിരക്കില്‍ ഗൃഹോപകരണങ്ങള്‍ മണിക്കൂറുകള്‍ക്കകം എത്തിച്ചുതരാമെന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങി തട്ടിപ്പ് നടത്തുന്ന ഇയാള്‍ക്കെതിരെ കേരളത്തിലെ നിരവധി സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. മാനന്തവാടി, കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കല്‍, കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് എന്നീ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ വയനാട് ജില്ലയിലെ നിരവധി സ്‌റ്റേഷനുകളില്‍ സമാന രീതിയിലുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.