ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും
ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. സെസ് കുറയ്ക്കാൻ മുന്നണിയിലും സമ്മർദ്ദമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നാല് യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരത്തിലാണ്. സെസ് പൂർണമായും പിൻവലിക്കണമെന്നതാണ് യു.ഡി.എഫിന്റെ ആവശ്യം. ഇല്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.
സഭയ്ക്കു പുറത്തുള്ള സമരം ശക്തമാക്കുകയും സഭയിലുള്ള സമരം പുതിയ തലത്തിലേക്ക് കൊണ്ടുപോകാനുമാണ് തീരുമാനം. ജനങ്ങളിൽ നിന്നും മുന്നണിയിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇന്ധന സെസ് ഒരു രൂപ കുറച്ചേക്കുമെന്നാണ് സൂചന. എന്നാൽ കഴിഞ്ഞ ദിവസം നിയമസഭയിലും സെസ് ഏർപ്പെടുത്തിയ നടപടിയെ ന്യായീകരിക്കുകയാണ് ധനമന്ത്രി ചെയ്തത്. ഒരു രൂപ സെസ് കുറച്ചാൽ സാമൂഹ്യ സുരക്ഷാ പെൻഷനായി വകയിരുത്തിയ തുകയിൽ 375 കോടി കുറവ് വരും. ഇത് എവിടെ നിന്നും കണ്ടെത്തുമെന്നാണ് സർക്കാരിനെ ആശങ്കയിലാക്കുന്നത്.
ഇതോടൊപ്പം നിയമസഭയിൽ എം.എൽ.എമാർ ഉയർത്തിയ പരാതികളിലും ധനമന്ത്രി മറുപടി നൽകും. ന്യായവില 20 ശതമാനം വർധിപ്പിച്ചതിനെതിരെയും അടച്ചിട്ട വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുന്നതിനെതിരേയും ഭരണകക്ഷി എം.എൽ.എമാർ തന്നെ ബജറ്റ് ചർച്ചയിൽ നിലപാട് എടുത്തിരുന്നു.