കോൺവെൻ്റിൽ സഹായം ചോദിക്കാനെത്തി മോഷണം; പ്രതി പിടിയിൽ
ഇടുക്കി ചെമ്മണ്ണാറിൽ കോൺവെന്റിൽ സഹായം ചോദിക്കാനെത്തി മോഷണം നടത്തിയ പ്രതിയെ പിടികൂടി. പാറത്തോട് ഇരുമലക്കാപ്പ് സ്വദേശി ജോൺസനെയാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചെമ്മണ്ണാർ എസ്എച്ച് കോൺവെന്റിൽ ഉച്ചയോടുകൂടി എത്തിയ പ്രതി ചികിത്സാ സഹായം അഭ്യർത്ഥിച്ചു. അടുത്ത ദിവസം എത്താൻ പറഞ്ഞ് കന്യാസ്ത്രീകൾ ഇയാളെ മടക്കി അയച്ചു. എന്നാൽ കോൺവെന്റിന്റെ സമീപപ്രദേശങ്ങളിൽ ചുറ്റിത്തിരിഞ്ഞ ജോൺസൺ സ്ഥിതിഗതികൾ നിരീക്ഷിച്ചു. സിസ്റ്റർമാർ പുറത്തേക്ക് പോയ തക്കം നോക്കി കോൺവെന്റിനുള്ളിൽ കടന്ന പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന 47,000 രൂപ അപഹരിച്ച് കടന്ന് കളയുകയായിരുന്നു.
തിരികെയെത്തിയ കന്യാസ്ത്രീകൾ പണം തിരഞ്ഞപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതി ജോൺസൺ ആണെന്ന് വ്യക്തമായി. പിന്നാലെ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് പാറത്തോട് ഇരുമല കപ്പ് എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന് ഇയാളെ പിടികൂടി. മോഷ്ടിച്ച 47,000 രൂപയിൽ 31,500 രൂപ മാത്രമാണ് കണ്ടെടുക്കാനായത്. ബാക്കി പണം ചെലവാക്കിയതായി പ്രതി പൊലീസിനോട് പറഞ്ഞു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉടുമ്പൻചോല എസ് എച്ച് ഒ അബ്ദുൽ ഗനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.