മംഗളൂരു സ്ഫോടന കേസ്; പ്രതി മുഹമ്മദ് ഷാരിഖിന് സാമ്പത്തിക സഹായം നൽകിയതിൽ മലയാളികളും
മംഗളൂരു സ്ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിനെ കേരളത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ആലുവ, മുനമ്പം, ഫോർട്ടുകൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ആദ്യഘട്ട തെളിവെടുപ്പ്. ഷാരിഖിന് സാമ്പത്തിക സഹായം നൽകിയ മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
മംഗളൂരു സ്ഫോടന കേസിൽ പ്രതി മുഹമ്മദ് ഷാരിഖിന് സ്ഫോടനത്തിന് കേരളത്തിൽ നിന്നും സഹായം കിട്ടിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക സഹായം നൽകിയതിൽ മലയാളികളും ഉണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഷാരിഖിന് മറ്റ് സഹായം നൽകിയവരും നിരീക്ഷണത്തിൽ ആണ്.
ആലുവയിൽ ഷാരിഖ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ അന്വേഷണസംഘം എത്തി സിസിടിവിദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് അന്വേഷണസംഘം ആശുപത്രിയിൽ എത്തി ഷാരിഖിന്റെ മൊഴിയും രേഖപ്പെടുത്തി. ആലുവ മുനമ്പം ഫോർട്ടുകൊച്ചി എന്നിവിടങ്ങളിൽ എത്തിച്ചാണ് ആദ്യഘട്ടത്തിൽ തെളിവെടുപ്പ് നടത്തുക.
ഷാരിഖ് കൂടിക്കാഴ്ച നടത്തിയവരുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കിയിരുന്നു ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഷാരിഖിനെ സഹായിച്ച മലയാളിയെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം.