Sunday, January 5, 2025
Kerala

നീറ്റ് പരീക്ഷാ വിവാദം; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കോളജ് അധികൃതർ ഉൾപ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്. സംഭവം അന്വേഷിക്കാനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ച വസ്തുത സമിതി കേരളത്തിലെത്തും.

പൊലീസ് അറസ്റ്റ് ചെയ്തവർ യഥാർത്ഥ കുറ്റവാളികൾ അല്ല എന്ന് ആരോപണം ശക്തമാക്കുന്നതിനിടെയാണ് പൊലീസ് കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന സൂചന നൽകുന്നത്. കോളജിലെയും സ്വകാര്യ ഏജൻസിയിലെയും ചില ജീവനക്കാർ പൊലീസ് നിരീക്ഷണത്തിലാണ്. കോളജ് അധികൃതരായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാവും എന്നാണ് സൂചന. ഇത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ച വസ്തുതാന്വേഷണ സമിതിയും ഉടൻ കേരളത്തിൽ എത്തും. അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മാർത്തോമാ കോളേജ് കനത്ത പൊലീസ് വലയത്തിലാണ്.

നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളിൽ കോളജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കോളജ് മാനേജ്മെൻ്റ് അറിയിച്ചിരുന്നു. മാനേജ്മെൻ്റിനു വേണ്ടി സെക്രട്ടറി ഡോ. കെ ഡാനിയൽ കുട്ടിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കോളജിന് വരും ദിവസങ്ങളിൽ സംരക്ഷണം നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“കോളജിന് വരും ദിവസങ്ങളിൽ സംരക്ഷണം നൽകാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു ചെറുപ്പക്കാരൻ നീണ്ട വടിയുമായി മതിൽ ചാടിക്കടന്ന് അടിയ്ക്കുന്നത് നിങ്ങൾ കണ്ടില്ലേ? 13 ജനാലകളാണ് തകർന്നത്. മനപൂർവം നാശനഷ്ടമുണ്ടാക്കാനുള്ള ശ്രമമാണ്. 20 ലക്ഷത്തിൻ്റെ നഷ്ടമുണ്ടായി. മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നും അന്വേഷണമുണ്ടാവും.”- സെക്രട്ടറി പറഞ്ഞു.

സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ 24നോട് പറഞ്ഞിരുന്നു. വിഷയത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും ഇടപെടും. പെൺകുട്ടികളുടെ അന്തസ്സ് ഹനിക്കുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ 24 നോട് വ്യക്തമാക്കി.

കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ അപമാനിതയായ പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംഭവം വിവാദമായതോടെ നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *