Saturday, January 4, 2025
Kerala

അഴിയൂ‍ര്‍ ലഹരി കടത്ത്: പൊലീസിനെതിരെ മാതാവ് പരാതി നൽകി, കുട്ടിയുടെ വിശദമായ മൊഴിയെടുക്കാൻ എക്സൈസ്

കോഴിക്കോട് : അഴിയൂരിൽ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പ്രതിയെ പിടികൂടിയിട്ടും സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. അതിനിടെ, സ്കൂളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ അഴിയൂര്‍ പഞ്ചായത്ത് ഉച്ചതിരിഞ്ഞ് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

13 വയസ് മാത്രം പ്രായമുളള പെണ്‍കുട്ടിയെ സ്കൂള്‍ ബാഗില്‍ ലഹരി ഒളിപ്പിച്ച് സ്കൂള്‍ യൂണിഫോമില്‍ തന്നെ തലശേരിയിലെ സ്വകാര്യ മാളിലേക്ക് ലഹരി കൈമാറാനായി പറഞ്ഞയച്ചതു സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് സമൂഹത്തിലുണ്ടാക്കിയത് വലിയ ചലനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെ എക്സൈസ് വകുപ്പ് നടപടി തുടങ്ങി. ഡെപ്യൂട്ടി കമ്മീഷണര്‍ വി രാജേന്ദ്രന്‍റെ നേതൃത്വത്തിലുളള സംഘം സ്കൂളിലെത്തി അധ്യാപകരുമായും രക്ഷിതാക്കളുമായി ചര്‍ച്ച നടത്തി.

പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും ബോധവല്‍ക്കരണം കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിയില്‍ നിന്ന് മൊഴി എടുക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. അതിനിടെയാണ് പെണ്‍കുട്ടിുടെ ഉമ്മ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. പ്രതിയെക്കുറിച്ച് കൃത്യമായ വിവരം നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തിട്ടും തെളിവില്ലെന്ന പേരില്‍ വിട്ടയച്ചുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി. മൊഴി നല്‍കാനായി സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ പരിസരത്ത് ലഹരി സംഘം ചുറ്റിക്കറങ്ങിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്.

സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ ചോന്പാല പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും മൊഴി എടുത്തേക്കും. ലഹരി ഉപയോഗത്തെത്തുടര്‍ന്നുളള അവശത തുടരുന്ന സാഹചര്യത്തില്‍ ചികില്‍സയും കൗണ്‍സലിങ്ങിനും ശേഷമാകും മൊഴിയെടുക്കുക.
കഴിഞ്ഞ രണ്ടാം തീയതി രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ലഹരിസംഘത്തെക്കുറിച്ച് കുട്ടി നല്‍കിയ വിവരങ്ങളൊന്നുമില്ല. സംഭവത്തിന്‍രെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ച തിരിഞ്ഞ് അഴിയൂ‍ര്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും.

സംഭവത്തിൽ കുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് എക്സൈസ്. ലഹരിയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കും. സ്കൂളിലും പരിസരത്തും പരിശോധന ശക്തമാക്കും. ബൈക്കിൽ ലഹരി എത്തിക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശനനടപടി എടുക്കും. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്കൂളിലെത്തി അധ്യാപകരുടെയും പിടിഎയുടെയും മൊഴി രേഖപ്പെടുത്തി. വിഷയത്തിൽ ഉച്ചയ്ക്ക് ശേഷം സർവകക്ഷിയോഗം നടക്കും. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതിനും കയ്യിൽ കയറി പിടിച്ചതിനും നാട്ടുകാരനായ യുവാവിനെതിരെ പോക്സോ കേസെടുത്തു ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിക്കെതിരെ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

‘മയക്കുമരുന്ന് വലയിൽപെട്ട എട്ടാംക്ലാസുകാരി’ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിയമസഭയില്‍,കർശനനടപടിയെന്ന് മന്ത്രി
13കാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം:അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം,സ്കൂളിൽ പരിശോധന
8ാംക്ലാസുകാരിലെ ലഹരി നൽകി കാരിയറാക്കിയ പ്രതിയെ വിട്ടയച്ച പൊലീസിന് വീഴ്ച,മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *