മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു; വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ
മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
കഴിഞ്ഞ ആഴ്ച മകളെ കാണാൻ മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. മറ്റൊരു പെൺകുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സൂപ്രണ്ടിൻ്റെ ക്രൂരത. മകളുടെ കഴുത്തിൽ ചെരുപ്പുമാലയിട്ട് ഹോസ്റ്റൽ ക്യാമ്പസിലൂടെ നടത്തിച്ചു എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് ഇവർ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയ്ക്ക് പിന്നാലെ കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.