Wednesday, January 1, 2025
Kerala

അടിമാലിയിൽ നിന്നും കാണാതായ ആദിവാസി പെൺകുട്ടിയെ തിരുവനന്തപുരത്ത് കണ്ടെത്തി

അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലിയിൽ നിന്നും കാണാതായ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പതിനാറുകാരിയായ ആദിവാസി പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരവെയാണ് തിരുവനന്തപുരത്ത് നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി അടിമാലി നിന്നും സ്വകാര്യ ബസ്സിൽ എറണാകുളം വൈറ്റിലയിലെത്തിയതായും അവിടുന്ന് തിരിച്ച് പൂപ്പാറയിൽ ഇറങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് പൊലീസ് സംഘം പ്രദേശത്തും തേനിയിലും അന്വോഷണം നടത്തിയിരുന്നു. അതിനുശേഷമാണ് തിരുവനന്തപുരത്ത് കുട്ടിയെ കണ്ടതായി വിവരം ലഭിക്കുന്നത്. തുടർന്ന് അടിമാലി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടിവീട്ടിൽനിന്ന് ഇറങ്ങിയത്.

എന്നാൽ വീട്ടില്‍ നിന്നുമിറങ്ങിയ പെണ്‍കുട്ടി സ്കൂളിൽ എത്തിയില്ല. കുട്ടി സ്കൂളിലെത്തിയിട്ടില്ലെന്ന് അധികൃതര്‍ വീട്ടുകാരെ വിളിച്ച് അറിയിച്ചു. ഇതോടെ രക്ഷിതാക്കൾ അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ തലസ്ഥാനത്തു നിന്നും കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *