കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജി; ഗവർണർ ഇന്ന് എതിർ സത്യവാങ്മൂലം സമർപ്പിക്കും
കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജികളിന്മേൽ ഗവർണർ ഇന്ന് ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കും. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നോട്ടീസ് ലഭിച്ച വിസിമാർക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നാകും വാദം. ഹർജികൾ നാളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.
കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജികൾ തള്ളണമെന്നാവശ്യപ്പെട്ടാകും ഗവർണർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കുക. ജഡ്ജിമാരെ നിയോഗിച്ചുള്ള അന്വേഷണത്തിനു ശേഷമെ നടപടി എടുക്കാൻ പാടുള്ളൂവെന്ന വിസിമാരുടെ ഹർജികളിലെ വാദം നിലനിൽക്കില്ലെന്നും കോടതിയെ ബോധിപ്പിക്കും. അച്ചടക്ക നടപടിയിലുൾപ്പെടെയാണ് അത്തരത്തിൽ അന്വേഷണം നടത്തുക. നിയമനത്തിലെ അപാകത സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടതിന്റെ ആവശ്യകതയും ചാൻസലർ എതിർ സത്യവാങ്മൂലത്തിലുടെ കോടതിയെ അറിയിക്കും.
മുൻപ് എം.ജി സർവകലാശാല വി.സിയെ സമാന രീതിയിൽ പുറത്താക്കിയ സംഭവം കഴിഞ്ഞയാഴ്ച്ച ഹർജികൾ പരിഗണിച്ച വേളയിൽ ഗവർണർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യവും സത്യവാങ്മൂലത്തിലുണ്ടാകും. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട
സുപ്രിം കോടതി വിധി തന്നെയാകും വി.സി മാർക്കെതിരെ തുറുപ്പുചീട്ടായി ഗവർണർ ഹൈക്കോടതിയിൽ ഉന്നയിക്കുക. നാളെ ഹൈക്കോടതി ഹർജികൾ പരിഗണിക്കുന്ന വേളയിൽ ഇടക്കാല ഉത്തരവിടാനും സാധ്യതയുണ്ട്. വി.സി നിയമന നടപടികളിൽ തെറ്റു സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാൽ നിയമന അതോറിറ്റി എന്ന നിലയിൽ ചാൻസലർ ഇടപെടുന്നതിൽ നിയമപ്രശ്നമുണ്ടോ എന്നതടക്കം കോടതി പരിശോധിക്കും.