വിഴിഞ്ഞം സമരം: തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ച് സര്‍ക്കാര്‍
വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു. എം ഡി കുടാലെ അധ്യക്ഷനായ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഇതില്‍ സമരസമിതി പ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടില്ല. ഡോ. റിജി ജോണ്‍, തേജല്‍ കാണ്ടികാര്‍, ഡോ. പികെ ചന്ദ്രമോഹന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സമരസമിതി അംഗങ്ങളെ ഉള്‍പ്പെടുത്തി വിദഗ്ധസംഘം പഠനം നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നത് ഒഴികെ ലത്തീന്‍ അതിരൂപതയുടെ ഏതാവശ്യവും പരിഗണിക്കാമെന്നും തീരശോഷണം സംബന്ധിച്ച് വിദഗ്ധ പഠനം സാധ്യമാക്കുമെന്നും നിയമസഭയിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നത്. ക്യാമ്പുകളില്‍ കഴിയുന്ന കുടുബങ്ങളെ വാടക വീടുകളിലേക്ക് മാറ്റാന്‍ പ്രതിമാസം 5500 രൂപ നല്‍കും. മണ്ണെണ്ണയിതര ഇന്ധനമുപയോഗിക്കുന്ന യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരത്തില്‍ രാഷ്ട്രീയ താല്പര്യം കൂടിയുണ്ടെന്ന് വിമര്‍ശിച്ചു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി തീരുമാനങ്ങളറിയിച്ചിരുന്നത്.