കുട്ടി അക്രമിയെ കണ്ടാൽ തിരിച്ചറിയുമെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്’ : അൻവർ സാദത്ത് എംഎൽഎ
പീഡനത്തിനിരയാക്കിയ അക്രമിയെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയതായി അൻവർ സാദത്ത് എംഎൽഎ. നിലവിൽ പൊലീസിന് അക്രമിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.
ഞാൻ നാട്ടുകാരുമായും പൊലീസുമായും സംസാരിച്ചിരുന്നു. പലപ്പോഴും ഇങ്ങനൊരു സംഭവമുണ്ടാകുമ്പോൾ ഇത് ഒറ്റപ്പെട്ടതാകട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട്. എന്നാൽ വീണ്ടും ഇത് ആവർത്തിക്കുകയാണ്. ഇക്കാര്യത്തിൽ പൊലീസ് വളരെ ജാഗ്രതയോടും ശുഷ്‌കാന്തിയോടെയും പ്രവർത്തിച്ചു’- അൻവർ സാദത്ത് എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.
ഡിവൈഎസ്പിയുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കുഞ്ഞിന്റെ വീട്ടിൽ നിന്നുള്ള ഫോണും അക്രമി മോഷ്ടിച്ചിട്ടുണ്ട് എന്നാണ്. ഈ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. പക്ഷേ അവസാനം ലഭ്യമായ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സാധിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുൻപാണ് ആലുവയിൽ മറ്റൊരു അതിഥി തൊഴിലാൡയുടെ മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആ നടുക്കത്തിൽ നിന്ന് നാട് മുക്തമാകും മുൻപേയാണ് മറ്റൊരു ദുരന്ത വാർത്ത കൂടിയെത്തുന്നത്. ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ കണ്ടെത്തുമ്പോൾ കുട്ടി രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്.