എഐ ക്യാമറ അഴിമതി ആരോപണം: ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണമുണ്ടാകുമോ? പൊതുതാൽപ്പര്യ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി : എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതിയിൽ നിന്ന് പിന്മാറാനുണ്ടായ കാരണങ്ങൾ അടക്കം വിശദീകരിച്ച് ഉപകരാർ നേടിയ ലൈറ്റ് മാസ്റ്റർ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പ്രസാദിയോ കമ്പനി ആവശ്യപ്പെട്ട പ്രകാരം 75 കോടിയുടെ കൺസോർഷ്യത്തിൽ സഹകരിച്ചു. എന്നാൽ ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ ആവശ്യപ്പെടുകയും സംശയം തോന്നിയതിനെ തുടർന്ന് കൺസോർഷ്യത്തിലെ മറ്റംഗങളെ ഇക്കാര്യം ധരിപ്പിച്ചു കൊണ്ട് പിന്മാറുകയായിരുന്നുവെന്നുമാണ് ലൈറ്റ് മാസ്റ്റർ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ ലാഭവിഹിതം 40% ൽ നിന്നും 32 ശതമാനമാക്കി കുറച്ചതും പിന്മാറിയതിനുള്ള കാരണമായി കമ്പനി വ്യക്തമാക്കിയിരുന്നു.