Saturday, January 4, 2025
Kerala

ഡി- ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം; കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്ക് കത്തയച്ചു

കോഴിക്കോട് : വിവാദങ്ങൾ ശക്തമായതോടെ ഡി-ലിറ്റിൽ നിലപാട് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം വൈസ് ചാൻസലർക്ക് കത്തയച്ചു. ഡി- ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് കത്തിൽ ആവശ്യപ്പെടുന്നു.

വിദ്യാഭ്യസ രംഗത്ത് നൽകിയ മഹനീയമായ സേവനങ്ങൾ കണക്കിലെടുത്ത്, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനും. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാർശ ചെയ്യണമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗം ഇ അബ്ദുറഹീം വിസിയുടെ മുൻ‌കൂർ അനുമതിയോടെ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നത്. ഒൻപത് അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് പേരും ഇടത് ചായ്‍വ് ഉള്ളവരാണ്. തർക്കത്തിനൊടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക്  പ്രമേയം നൽകാൻ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *