പ്രതീക്ഷയുടെ പൊൻകിരണമായി ഇന്ന് തിരുവോണം
നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്.
കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറവില്ല. ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂർണതയിലെത്തുന്നത്.
ഓണക്കോടിയും, പൂക്കളവും, സദ്യയും , വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. ഓണത്തുമ്പികൾ പാറിനടക്കുന്ന ചിങ്ങവെയിലില്‍ മാവേലിത്തമ്പുരാനെ നമുക്കൊന്നുചേര്‍ന്ന് വരവേല്‍ക്കാം.